കേരളത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ടം; തെരഞ്ഞെടുപ്പിനുശേഷം വ്യാപനം വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍

കേരളത്തില്‍ കൊവിഡിന്റെ രണ്ടാം ഘട്ടം; തെരഞ്ഞെടുപ്പിനുശേഷം വ്യാപനം വര്‍ധിച്ചേക്കുമെന്ന് വിദഗ്ധര്‍

കൊല്ലം: തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ രോഗികളുടെ എണ്ണം ദിനം പ്രതി കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

കേരളത്തില്‍ ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കില്‍ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാഫ് താഴേക്കുപോകുന്നതിനുമുമ്പേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്.

ഡല്‍ഹിയില്‍ കൊവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കൊവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ തമ്മില്‍ മൂന്നുനാലുമാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ആ സാവകാശം കിട്ടിയില്ല. കൊവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും തെരഞ്ഞെടുപ്പുരംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം.

വരുംദിവസങ്ങളില്‍ സര്‍ക്കാര്‍തലത്തിലെ നിയന്ത്രണങ്ങളില്‍ അയവുവരാനും ഇടയുണ്ട്. ഉദ്യോഗസ്ഥരും പൊലീസും തെരഞ്ഞെടുപ്പ് തിരക്കുകളിലായിരിക്കും. ഇതും രോഗവ്യാപനം കൂട്ടിയേക്കും.

Share this story