ബാർക്കോഴ കേസിൽ മുഖ്യമന്ത്രിക്കെതിരെ ബിജു രമേശ്; മാണിയും പിണറായിയും ഒത്തുകളിച്ചു, ചെന്നിത്തലക്കെതിരേയും വെളിപ്പെടുത്തൽ

ബാർക്കോഴ കേസിൽ മുഖ്യമന്ത്രിക്കെതിരെ ബിജു രമേശ്; മാണിയും പിണറായിയും ഒത്തുകളിച്ചു, ചെന്നിത്തലക്കെതിരേയും വെളിപ്പെടുത്തൽ

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ബിജു രമേശ്. തന്നോട് ഉറച്ച് നിൽക്കാൻ പറഞ്ഞ പിണറായി വിജയൻ വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. കളളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോൾ കോടിയേരി ബാലകൃഷ്‌ണനെ കണ്ടിരുന്നു. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി തന്നോട് ആവശ്യപ്പെട്ടത്. ന്യായവും നീതിയും തനിക്ക് ലഭിക്കുന്നില്ല. കെ എം മാണി പിണറായിയെ സന്ദർശിച്ചതോടെയാണ് ബാർക്കോഴ കേസ് നിലച്ചത്. മാണിയും പിണറായിയും ഒത്തുകളിച്ചു. പ്രതിയായ വ്യക്തിയെയാണ് പിണറായി അന്ന് കണ്ടതെന്നും ബിജു രമേശ് ആരോപിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് പഴയ ആദർശ ശുദ്ധിയില്ല. തന്നെ മാനസികമായി തകർക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും ശ്രമിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജൻസികൾ ബാർക്കോഴ കേസ് അന്വേഷിക്കണം. എം എൽ എമാരും മന്ത്രിയുമായിരുന്ന 36 പേർ അന്ന് തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്‌മൂലം തെറ്റായിരുന്നു. അന്ന് അത് പിണറായിയോട് പറഞ്ഞപ്പോൾ കൈയിൽ വച്ചിരിക്കാനാണ് പറഞ്ഞതെന്നും ബിജു രമേശ് വെളിപ്പെടുത്തി.

ജോസ് കെ മാണി തന്നെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം വിജിലൻസിന് എഴുതി കൊടുത്തതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് പറഞ്ഞത്. അധികാരമുളള ഏജൻസി കേസ് അന്വേഷിക്കണം. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ എന്താണെന്നും എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് ഭാര്യ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നിത്തല രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും ഉറങ്ങിയില്ലെന്നും രാവിലെ കാപ്പി പോലും കുടിച്ചില്ലെന്നും ഭാര്യ പറഞ്ഞു. അസുഖമുളളയാളാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോൾ ഇല്ല ചേച്ചി ഉപദ്രവിക്കില്ല എന്നു പറഞ്ഞ് താൻ ഫോൺ വച്ചു. അതുകൊണ്ടാണ് രമേശ് ചെന്നിത്തലക്കെതിരെ അന്ന് മൊഴി കൊടുക്കാതെ ഇരുന്നതെന്നും ബിജു രമേശ് പറഞ്ഞു.

അതുകഴിഞ്ഞ് രമേശ് ചെന്നിത്തലയും തന്നെ ഫോണിൽ വിളിച്ചു. അങ്ങനെ അഭ്യർത്ഥിച്ച രമേശ് ചെന്നിത്തല തനിക്കെതിരെ തിരിയുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. കെ പി സി സി പ്രസിഡന്റാണ് കോൺഗ്രസിനെ നിർണയിക്കുന്ന ഘടകം. പങ്കുകച്ചവടത്തിന്റെ ഭാഗമായാണ് ചെന്നിത്തല പണം വാങ്ങിയത്. ഈ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടാൽ മതിയെന്നും ബിജു രമേശ് ആരോപിച്ചു.

ഒന്നും രണ്ടും രൂപയുടെ പിരിവല്ല നടന്നത്. അഞ്ച് വർഷം കൊണ്ട് ലക്ഷങ്ങളാണ് കൊളളയടിച്ചത്. അന്വേഷണവുമായി സഹകരിക്കും പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ബാർ‌ക്കോഴ ഇടപാടിനായി പണം പിരിച്ചത് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിരിച്ച പണം എങ്ങോട്ടേക്കാണ് പോയതെന്നാണ് കണ്ടെത്തേണ്ടതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു

Share this story