ചെന്നിത്തല കാലുപിടിക്കുന്നതു പോലെ സംസാരിച്ചു; അതിനാലാണ് രഹസ്യമൊഴിയിൽ പേര് ഒഴിവാക്കിയതെന്ന് ബിജു രമേശ്

ചെന്നിത്തല കാലുപിടിക്കുന്നതു പോലെ സംസാരിച്ചു; അതിനാലാണ് രഹസ്യമൊഴിയിൽ പേര് ഒഴിവാക്കിയതെന്ന് ബിജു രമേശ്

ബാർ കോഴക്കേസിൽ ഇടത് വലത് മുന്നണികൾ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജു രമേശ്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണം.

തന്നോട് പരാതിയിൽ ഉറച്ചുനിൽക്കണമെന്ന് ആവശ്യപ്പെട്ട പിണറായി പിന്നീട് വാക്കുമാറ്റി. ബാർകോഴ കേസ് അട്ടിമറിക്കാൻ പിണറായിയും കെ എം മാണിയും ഒത്തുകളിച്ചു. കെ ബാബുവും ചെന്നിത്തലയും ശിവകുമാറും എല്ലാം കേസ് കൊടുത്താൻ നേരിടേണ്ടത് ഞാനാണ്.

ഒരു നാണയത്തിന്റെ ഭാഗമായി അല്ലാതെ ഒരു വ്യത്യാസവും പാർട്ടിക്കാരുടെ കാര്യത്തിൽ തോന്നിയിട്ടില്ല. ഈ സർക്കാരായാലും അടുത്ത സർക്കാർ വന്നാലും ഇതു തന്നെയാണ് അവസ്ഥ. പഴയ ആദർശ ശുദ്ധിയൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ല. വിജിലൻസ് അന്വേഷണം പ്രഹസനം മാത്രമായി പോകും.

യുഡിഎഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരം സംബന്ധിച്ച ഫയൽ എന്റെ കൈയിലുണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അത് കൈയിലിരിക്കട്ടെ എന്നാണ് എന്നോടുപറഞ്ഞത്.

ബാർ കോഴ കേസിൽ മൊഴി നൽകിയപ്പോൾ ചെന്നിത്തല അടക്കം എല്ലാവരുടെയും പേര് ഞാൻ പറഞ്ഞതാണ്. ജോസ് കെ മാണി കേസ് ഒതുക്കാൻ എന്നെ വിളിച്ചതും പറഞ്ഞതാണ്. 164 പ്രകാരം മൊഴി നൽകുന്നതിന് തലേ ദിവസം എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. ചെന്നിത്തലയുടെ ഗൺമാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞു

ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത്. രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. അന്ന് രാവിലെ പതിനൊന്നരക്ക് ചെന്നിത്തല സുഹൃത്തിന്റെ ഫോണിൽ നിന്ന് എന്നെ നേരിട്ട് വിളിച്ചു. ഉപദ്രവിക്കരുത്, അച്ഛനുമായൊക്കെ വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു

തിരുത്തൽവാദി പ്രസ്ഥാനം വരുംവരെ ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാലുപിടിച്ച് സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് രഹസ്യമൊഴിയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് ചെന്നിത്തല ആഭ്യന്തര മന്ത്രിയാണ്.

Share this story