ബിജു രമേശിന്റെ ആരോപണം തള്ളി ചെന്നിത്തല; ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടാറില്ല

ബിജു രമേശിന്റെ ആരോപണം തള്ളി ചെന്നിത്തല; ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടാറില്ല

ബാർ കോഴ കേസിൽ ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ലെന്നും ചെന്നിത്തല പറഞ്ഞു

വിജിലൻസിന് മൊഴി നൽകാതിരിക്കാൻ രമേശ് ചെന്നിത്തലയുടെ ഭാര്യയും പിന്നീട് ചെന്നിത്തല നേരിട്ടും വിളിച്ച് അപേക്ഷിച്ചു എന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

ബാർ കോഴ കേസിൽ മൊഴി നൽകിയപ്പോൾ ചെന്നിത്തല അടക്കം എല്ലാവരുടെയും പേര് ഞാൻ പറഞ്ഞതാണ്. ജോസ് കെ മാണി കേസ് ഒതുക്കാൻ എന്നെ വിളിച്ചതും പറഞ്ഞതാണ്. 164 പ്രകാരം മൊഴി നൽകുന്നതിന് തലേ ദിവസം എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. ചെന്നിത്തലയുടെ ഗൺമാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞു

ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത്. രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. അന്ന് രാവിലെ പതിനൊന്നരക്ക് ചെന്നിത്തല സുഹൃത്തിന്റെ ഫോണിൽ നിന്ന് എന്നെ നേരിട്ട് വിളിച്ചു. ഉപദ്രവിക്കരുത്, അച്ഛനുമായൊക്കെ വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു

തിരുത്തൽവാദി പ്രസ്ഥാനം വരുംവരെ ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാലുപിടിച്ച് സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് രഹസ്യമൊഴിയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് ചെന്നിത്തല ആഭ്യന്തര മന്ത്രിയാണ്. ഇതായിരുന്നു ചെന്നിത്തലക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ

Share this story