ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

ഇബ്രാഹിംകുഞ്ഞിന് അർബുദമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്; സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന് അർബുദമാണെന്നും തുടർ ചികിത്സ ആവശ്യമാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു

ഇബ്രാഹിംകുഞ്ഞിനെ ഉടൻ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. ഈ മാസം 19ന് ലേക്ക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിന് കീമോ തെറാപ്പി ചെയ്തിരുന്നു. ഡിസംബർ3ന് വീണ്ടും ചെയ്യണം. 33 തവണ ലേക്ക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും ആശുപത്രി മാറ്റിയാൽ അണുബാധക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു

ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലേക്ക് വിടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ കസ്റ്റഡിയിലാക്കാനുള്ള ആരോഗ്യസ്ഥിതി ഇബ്രാഹിംകുഞ്ഞിനില്ല. ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന പ്രോസിക്യൂഷൻ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി

നാളെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

Share this story