യോഗം വിളിച്ച് ആശങ്ക തീർക്കുന്നതുവരെ കെ റെയിൽ പദ്ധതി നിർത്തിവെക്കണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത് നൽകി

യോഗം വിളിച്ച് ആശങ്ക തീർക്കുന്നതുവരെ കെ റെയിൽ പദ്ധതി നിർത്തിവെക്കണമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്ക് കത്ത് നൽകി

കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിന് അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി

കേന്ദ്രധനകാര്യ മന്ത്രാലയം ഉപേക്ഷിച്ച കെ റെയിൽ, സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത് അഴിമതിക്കും റിയൽ എസ്‌റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ ഫോൺ, ഇ മൊബിലിറ്റി, ബ്രൂവറി-ഡിസ്റ്റലറി, സ്പ്രിംക്ലർ, പമ്പ മണൽക്കടത്ത് പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഈ പദ്ധതിയെ കുറിച്ചും സംശയങ്ങൾ ജനിപ്പിക്കുന്നു

പാരിസ്ഥിതിക ആഘാത പഠനങ്ങളോ, സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടില്ല. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകരുതെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റിൽ പറത്തി ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് തന്നെ റിയൽ എസ്‌റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയർന്നുവരുന്നുണ്ടെന്നും ചെന്നിത്തല കത്തിൽ പറയുന്നു.

Share this story