സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ്: ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ

സ്വാശ്രയ മെഡിക്കൽ കോളജ് ഫീസ്: ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കേരളം കത്തയച്ചു. കേരളത്തിലെ മെഡിക്കൽ പ്രവേശനം നിശ്ചലമായിരിക്കുകയാണെന്നും സംസ്ഥാനം കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഹൈക്കോടതി വിധിക്കെതിരെ റാങ്ക് പട്ടികയിൽ ഉള്ള ചില വിദ്യാർത്ഥികളും സുപ്രീം കോടതിയെ സമീപിച്ചു.

സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് ആണ് ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ഹൈക്കോടതി വിധിക്കെതിരേ കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്.

2019ലെ കേന്ദ്ര മെഡിക്കൽ കമ്മിഷൻ നിയമം നിലവിൽ വന്നതോടെ ഫീസ് നിർണ്ണയിക്കാനുള്ള അധികാരം കമ്മീഷനാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമ്മീഷൻ ഇത് വരെയും നിലവിൽ വന്നിട്ടില്ല. അതിനാൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവിൽ വന്ന സംസ്ഥാന ഫീസ് നിർണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസ് ആണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share this story