ലൈഫ് മിഷന്റെ എല്ലാ ഇടപാടുകളിലും കൈക്കൂലി ഉണ്ടായിരുന്നതായി ഇഡി

ലൈഫ് മിഷന്റെ എല്ലാ ഇടപാടുകളിലും കൈക്കൂലി ഉണ്ടായിരുന്നതായി ഇഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കൈക്കൂലി നൽകിയിട്ടുള്ളതായി സംശയിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിൽ അന്വേഷണം നടക്കുകയാണ്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമിക്കാൻ കരാർ ലഭിച്ച യൂനിടാക് കമ്പനിയിൽ നിന്ന് എം ശിവശങ്കർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ഇ ഡി പറഞ്ഞു

കേസിൽ ജാമ്യം തേടി ശിവശങ്കർ നൽകിയ അപേക്ഷയെ എതിർത്ത് ഇഡി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടിഎ ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷ് നവംബർ 10ന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും ഇഡി പറയുന്നു

കെ ഫോൺ, ലൈഫ് മിഷൻ എന്നീ പദ്ധതികളുടെ രഹസ്യവിവരങ്ങൾ സ്വപ്‌നയോട് ശിവശങ്കർ പറഞ്ഞിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയിരുന്നു

ലൈഫ് മിഷന്റെ ഒരു ഇടപാടിൽ കൈക്കൂലി നൽകിയിട്ടുണ്ടെങ്കിൽ മറ്റ് പദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നത് ഇതിനാലാണ്. അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പരിശോധന നടത്തി. ഇവിടെ നിന്ന് പിടിച്ചെടുത്ത കമ്പ്യൂട്ടർ രേഖയടക്കം പരിശോധിക്കുകയാണ്. യൂനിടാക് എംഡി സന്തോഷ് ഈപ്പനുമായി ശിവശങ്കർ പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും ഇ ഡി പറയുന്നു.

Share this story