വടകരയില്‍ സജീവമായി മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ മനംമാറ്റം

വടകരയില്‍ സജീവമായി മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ മനംമാറ്റം

വടകര: കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിന് പിന്നാലെ പിണക്കം മറന്ന് പ്രചാരണത്തിനിറങ്ങി കെ മുരളീധരന്‍. അദ്ദേഹം വടകരയില്‍ പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ്. കൈപ്പത്തി അടയാളത്തില്‍ വോട്ട് തേടുന്ന കെപി ജയകുമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് മുരളീധരന്‍ ചോറോട് പഞ്ചായത്തില്‍ പ്രചാരണം ആരംഭിച്ചത്. ചോറോട് ഗ്രാമപഞ്ചായത്തിലെ ജനകീയ മുന്നണിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹത്തമെത്തിയത്.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദത്തെ തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, ജയകുമാര്‍ പറഞ്ഞു.അതേസമയം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് തന്നോട് കൂടിയാലോചനകള്‍ നടത്തിയിട്ടില്ല. പക്ഷേ പാര്‍ട്ടി പറയുന്നത് താന്‍ അനുസരിക്കുമെന്നും ജയകുമാര്‍ പറഞ്ഞിരുന്നു. നേരത്തെ കല്ലാമല ഡിവിഷനില്‍ ആര്‍എംപി-യുഡിഎഫ് ധാരണയ്ക്ക് വിരുദ്ധമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

ഇത് ആര്‍എംപിയുടെ സീറ്റാണെന്നും, എന്നാല്‍ കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് നല്‍കിയതെന്നുമായിരുന്നു വാദം. ഇതോടെ താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഏതാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മാത്രം പ്രചാരണത്തിന് ഇറങ്ങുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനും മുല്ലപ്പള്ളിയും രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു നേരത്തെ കല്ലാമലയിലെ സീറ്റിനെ കുറിച്ച് പറഞ്ഞത്.
നേരത്തെ വടകരയില്‍ നിന്ന് വിട്ട് വട്ടിയൂര്‍ക്കാവില്‍ സജീവ പ്രചാരണത്തിലായിരുന്നു മുരളീധരന്‍. ഇതോടെ കെപിസിസി പ്രശ്‌ന പരിഹാരത്തിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ താനിപ്പോഴും പ്രചാരണ രംഗത്ത് തന്നെയാണ് ഉള്ളതെന്ന് നേരത്തെ ജയകുമാര്‍ പറഞ്ഞിരുന്നു. വോട്ട് പിടിക്കാന്‍ തന്നെയാണ് പോവുന്നത്. ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. കെപിസിസി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പറഞ്ഞാല്‍ അത് അംഗീകരിക്കും. ഞാന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടി അങ്ങനൊരു തീരുമാനമെടുത്താല്‍, ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

Share this story