എൽ ഡി എഫിന്റെ വമ്പിച്ച വിജയം ഉറപ്പ്; കേരളത്തിൽ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്നും മുഖ്യമന്ത്രി
ബിജെപി-യുഡിഎഫ് അവിശുദ്ധ ബന്ധത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ വെബ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ തകർക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു
സംസ്ഥാന ഭരണം അട്ടിമറിക്കാൻ വലിയ തോതിൽ പണവും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നു. പണം നൽകി ജനപ്രതിനിധികളെ വിലക്കെടുക്കുന്ന അപഹാസ്യ നിലപാട് രാജ്യത്ത് പലയിടത്തും ആവർത്തിക്കുന്നു. കേരളത്തിൽ അങ്ങനെയൊരു ജീർണ സംസ്‌കാരം ഇല്ല. ഇതാണ് രാഷ്ട്രീയ വേട്ടക്ക് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്
അതിന് തപ്പ് കൊട്ടി കോൺഗ്രസും ലീഗും കൂടെ നിൽക്കുകയാണ്. വർഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ എൽ ഡി എഫില്ല. നെഞ്ചുവിരിച്ച് നിന്ന് ഇതു പറയാൻ എൽ ഡി എഫിന് സാധിക്കും. എന്നാൽ യുഡിഎഫിനാകില്ല. വടകര മോഡൽ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിന് ലീഗിന് തിരിച്ചടി ലഭിക്കും. നാല് വോട്ടിന് വേണ്ടി ഇവരുമായി സന്ധി ചെയ്ത കോൺഗ്രസിനും ലീഗിനുമെതിരെ വികാരം പതഞ്ഞൊഴുകുകയാണ്. എല്ലാ പാർട്ടിയുടെയും എല്ലാ നേതാക്കളും പ്രചാരണ രംഗത്തുണ്ട്. യുഡിഎഫ് നേതാക്കൾ ആരെങ്കിലും ബിജെപിയെ നേരിയ തോതിലെങ്കിലും വിമർശിക്കുന്നത് കേട്ടോ. അത്ര വലിയ ആത്മബന്ധം ഇവർക്കിടയിലുണ്ട്
ഏത് തെരഞ്ഞെടുപ്പ് വന്നാലും നിലവിലുള്ള സർക്കാരനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പൊതു ചോദ്യമാണ് സർക്കാർ എന്തു ചെയ്തുവെന്നത്. എന്നാൽ ഇത്തവണ പ്രതിപക്ഷം ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് കേട്ടോ. വലതുപക്ഷ മാധ്യമങ്ങൾ പോലും അങ്ങനെയൊരു ചോദ്യം ഉന്നയിച്ചിട്ടില്ല. കൊവിഡ് ദുരിത കാലത്തും കേരളം ഇന്ത്യക്കും ലോകത്തിനും തന്നെ മാതൃകയായിരുന്നു. പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് നിറഞ്ഞൊഴുകിയത്. അതാണ് ഇടതുമുന്നണിയുടെ പ്രത്യേകത
പെൻഷനും സൗജന്യ ചികിത്സയും ഭക്ഷ്യക്കിറ്റുമെല്ലാം ജനങ്ങളുടെ കൈകളിലെത്തി. അവരോട് പോയി സർക്കാർ എന്തു ചെയ്തുവെന്ന് ചോദിക്കാൻ ആർക്കെങ്കിലും സാധിക്കുമോ. വികസന രംഗത്ത് അഭൂത പൂർവമായ മാറ്റമാണ് ഉണ്ടാക്കിയത്. കിഫ്ബി, കേരളാ ബാങ്ക് എന്നിവ അതിന് പശ്ചാത്തല സൗകര്യമൊരുക്കി.
ഇടത് സർക്കാർ ബദലിനായുള്ള പോരാട്ടത്തിലാണ്. എൽ ഡി എഫിന്റെ അടിത്തറ ശക്തമായി. എൽ ജെ ഡി വന്നു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർ പോലും മാറി ചിന്തിക്കുന്ന അവസ്ഥയാണ്. ഈ തെരഞ്ഞെടുപ്പ് എൽ ഡി എഫിന്റെ വമ്പിച്ച വിജയത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
