പീഡനത്തിന് ഇരയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചു; കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്‌സോ കേസ്

പീഡനത്തിന് ഇരയായ പെൺകുട്ടിയോട് മോശമായി സംസാരിച്ചു; കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്‌സോ കേസ്

കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി ജില്ലാ ചെയർമാനെതിരെ പോക്‌സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് കേസ്. 17കാരി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്

ലൈംഗിക പീഡനത്തിന് ഇരയായ 17 വയസ്സുള്ള പെൺകുട്ടി കൗൺസിലിംഗിനായി എത്തിയപ്പോൾ മോശമായി പെരുമാറിയെന്നാണ് കേസ്. കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്‌നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതല അതോറിറ്റിയാണ് ശിശുക്ഷേമ സമിതി

ഓക്ടോബർ 21ന് പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരിയിലെ ശിശുക്ഷേമ സമിതിയിൽ എത്തിച്ചിരുന്നു. ഇഡി ജോസഫ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെൺകുട്ടി മൊഴി നൽകി

കണ്ണൂർ കുടിയാൻമല പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് കുട്ടി കൗൺസിലിംഗിന് എത്തിയത്. എന്നാൽ താൻ മോശമായി പെരുമാറിയില്ലെന്നും വനിതാ കൗൺസിലർമാർക്കൊപ്പം ഇരുന്നാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും ഇ ഡി ജോസഫ് പറയുന്നു.

Share this story