സംസ്ഥാനത്ത് ബിജെപിയുമായി രഹസ്യബന്ധമുള്ളത് സിപിഎമ്മിനെന്ന് ചെന്നിത്തല; യുഡിഎഫ് വൻ വിജയം നേടും

സംസ്ഥാനത്ത് ബിജെപിയുമായി രഹസ്യബന്ധമുള്ളത് സിപിഎമ്മിനെന്ന് ചെന്നിത്തല; യുഡിഎഫ് വൻ വിജയം നേടും

യുഡിഎഫ്-ബിജെപി ബന്ധമെന്ന ആരോപണം സിപിഎം ഉന്നയിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തിൽ വിറളി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ വിജയരാഘവനുമെല്ലാം യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന വ്യാജപ്രചാരണവുമായി രംഗത്തു വന്നിരിക്കുന്നത്.

സ്വന്തം മുഖ്യമന്ത്രിയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പോലും കഴിയാത്ത ഇടതുമുന്നണി യുഡിഎഫ് വൻ വിജയം നേടുമെന്ന് തിരിച്ചറിഞ്ഞതോടെ കള്ളപ്രചാരണവും വർഗീയ കാർഡും ഇറക്കുകയാണ്. കേരളം മുഴുവൻ ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്.

പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥികൾ എന്ന ലേബലിൽ പുറത്തിറക്കിയവർ ബിജെപിയുടെ വോട്ട് നേടാനുള്ള പാലമായാണ് പ്രവർത്തിക്കുന്നത്. പാർട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർഥികൾക്ക് കൊടുക്കാൻ സിപിഎമ്മിന് ഭയമാമ്.

നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. ലാവ്‌ലിൻ കേസിൽ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

Share this story