മന്ത്രി എസി മൊയ്തീൻ ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്തുവെന്ന് ആരോപണം; നടപടി വേണമെന്ന് അനിൽ അക്കര

മന്ത്രി എസി മൊയ്തീൻ ഏഴ് മണിക്ക് മുമ്പ് വോട്ട് ചെയ്തുവെന്ന് ആരോപണം; നടപടി വേണമെന്ന് അനിൽ അക്കര

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മന്ത്രി എസി മൊയ്തീനെതിരെ പരാതിയുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ. തൃശ്ശൂർ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് മന്ത്രി വോട്ട് ചെയ്തത്.

രാവിലെ 6.40ന് മന്ത്രി പോളിംഗ് ബൂത്തിലെത്തി വരിയിൽ ഒന്നാമനായി ക്യൂവിൽ നിന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിംഗ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ സമയം ഏഴ് മണി ആയിട്ടുണ്ടായിരുന്നില്ല

ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരോ, മറ്റാരെങ്കിലുമോ എതിർപ്പ് അറിയിച്ചിരുന്നില്ല. മന്ത്രി ബൂത്ത് വിട്ട് പോയ ശേഷമാണ് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നത്.

അതേസമയം ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. യുഡിഎഫിൽ കലാപമാണ്. കൂട്ടായ്മ ഇല്ലാത്ത മുന്നണികൾക്ക് ജനം വോട്ട് ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു

Share this story