ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഇർഷാദിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ്

ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഇർഷാദിനെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ്

ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഇർഷാദിനെ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു

ഔഫിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഇർഷാദ് സംസ്ഥാനത്ത് നിന്ന് മുങ്ങുകയും മംഗലാപുരം ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഇർഷാദ് ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ഇന്നലെ മുസ്ലീം ലീഗ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് കാര്യമായ പരുക്കുകളൊന്നും കൂടാതെ തന്നെ പോലീസ് ഇർഷാദിനെ മംഗലാപുരത്ത് നിന്ന് പിടികൂടുകയും കാഞ്ഞങ്ങാട് എത്തിക്കുകയുമായിരുന്നു. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് വ്യക്തമായതോടെ ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തത്. ഇർഷാദിനെ പോലീസ് നിരീക്ഷണത്തിൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും

ഔഫിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസും സ്ഥിരീകരിച്ചു. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഇർഷാദിനെ അറസ്റ്റ് ചെയ്തതായി കാസർകോട് എസ് പി ഡി ശിൽപ്പ അറിയിച്ചു. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പോലീസ് അറിയിച്ചു.

Share this story