സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; ആർക്കും വികസനം നഷ്ടപ്പെടരുത്: മുഖ്യമന്ത്രി

സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം; ആർക്കും വികസനം നഷ്ടപ്പെടരുത്: മുഖ്യമന്ത്രി

സാമൂഹിക നീതിയിലധിഷ്ഠിതമായ സർവതല സ്പർശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാകാതിരിക്കരുത്. ഇതിനായുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

സർവതല വികസനത്തിന്റെ ഭാഗമായാണ് സർക്കാർ നാല് മിഷനുകൾ മുന്നോട്ടുവെച്ചത്. നാടിനെ മാലിന്യമുക്തമാക്കാനും നദികൾ പുനരുജ്ജീവിപ്പിക്കാനും നാട്ടുകാർ തന്നെ മുന്നോട്ടുവന്നു. കാർഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി 2016ൽ ഏഴ് ലക്ഷം ടൺ പച്ചക്കറി ഉത്പാദനം ഉണ്ടായിരുന്നത് ഇപ്പോൾ 15 ലക്ഷം ടൺ ആയി ഉയർന്നു. ഓരോ വീട്ടുകാരും പച്ചക്കറി ഉത്പാദിപ്പിക്കുന്ന സംസ്‌കാരം വളർന്നുവന്നു.

പൊതുവിദ്യാഭ്യാസ രംഗം നവീകരിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സാധിച്ചു. അഞ്ചുലക്ഷത്തിലേറെ കുട്ടികളാണ് പുതുതായി സ്‌കൂളുകളിലെത്തിയത്. ആരോഗ്യരംഗത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ അഭിവൃദ്ധിപ്പെട്ടു. കൊവിഡിന് മുന്നിൽ കേരളം മികച്ച രീതിയിൽ പിടിച്ചുനിന്നു

ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകൾ പൂർത്തിയായി. പത്ത് ലക്ഷം ആളുകൾക്ക് ഇതിലൂടെ സ്വന്തമായി പാർപ്പിടമുണ്ടായി. വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരാൻ സാധിച്ചു. പ്രകൃതിദുരന്തങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ പച്ചക്കറി, മുട്ട, പാൽ എന്നിവയിൽ കേരളത്തിന് ഇതിനകം സ്വയംപര്യാപ്തമാകാൻ സാധിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story