കോർപറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

കോർപറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

സംസ്ഥാനത്തെ കോർപറേഷനുകളിലേക്കുള്ള മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുൻസിപ്പാലിറ്റികളിലേക്കുള്ള ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, മുൻസിപ്പൽ ചെയർമാൻ സ്ഥാനങ്ങളിലേക്ക് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് തെരഞ്ഞെടുപ്പ്

ഓപൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. രണ്ട് സ്ഥാനാർഥികൾക്കും തുല്യവോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തും. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്

കണ്ണൂർ ഇരിട്ടി നഗരസഭയിൽ അനിശ്ചിതത്വം തുടരുകയാണ്. ആർക്കും ഭൂരിപക്ഷമില്ലാത്താണ് നഗരസഭയിലെ പ്രശ്‌നം. അഞ്ച് സീറ്റുള്ള ബിജെപിയുടെയും മൂന്ന് സീറ്റുള്ള എസ് ഡി പി ഐയുടെയും നിലപാട് നിർണായകമാകും. കളമശ്ശേരിയിൽ യുഡിഎഫിനും എൽഡിഎഫിനും 20 സീറ്റുകൾ വീതമുണ്ട്. ഒരു അംഗം ബിജെപിയുടേതാണ്. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ കണ്ടെത്തും

കോട്ടയത്ത് ഭരണം ടോസിട്ട് തീരുമാനിക്കും. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ ലഭിച്ചാൽ യുഡിഎഫിന് അധികാരത്തിലെത്താം. ചങ്ങനാശ്ശേരിയിലും സ്വതന്ത്രർ ഭരണം തീരുമാനിക്കും.

മാവേലിക്കരയിൽ മൂന്ന് മുന്നണികൾക്കും തുല്യ സീറ്റുകളാണ്. നിർണായകമാകുക സിപിഎം വിമതൻ കെ വി ശ്രീകുമാറിന്റെ നിലപാടാണ്. കൊല്ലം പരവൂരിൽ യുഡിഎഫിനും എൽഡിഎഫിനും 14 സീറ്റ് വീതമാണ്. ഇവിടെ നറുക്കെടുപ്പ് വേണ്ടി വരും.

Share this story