അവരുടെ പിന്തുണ വേണ്ടെന്ന് സിപിഎം; എൽഡിഎഫിന്റെ നാല് പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെച്ചു

അവരുടെ പിന്തുണ വേണ്ടെന്ന് സിപിഎം; എൽഡിഎഫിന്റെ നാല് പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെച്ചു

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും എസ് ഡി പി ഐയുടെയും പന്തുണ ലഭിച്ച നാല് സിപിഎം പ്രസിഡന്റുമാർ നിമിഷങ്ങൾക്കുള്ളിൽ രാജിവെച്ചു. തൃശ്ശൂർ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകൾ കിട്ടിയതിന് പിന്നാലെ എൽ ഡി എഫ് പ്രസിഡന്റുമാർ രാജിവെച്ചത്.

അവിണിശ്ശേരിയിൽ യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെയാണ് എ ആർ രാജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ തൊട്ടുപിന്നാലെ രാജു രാജിവെച്ചു. എൽ ഡി എഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ ബിജെപി ഇവിടെ ഭരണം ഉറപ്പിച്ചു. ബിജെപിക്ക് ആറ് സീറ്റും എൽഡിഎഫിന് അഞ്ച് സീറ്റും യുഡിഎഫിന് മൂന്ന് സീറ്റുമാണ് ഇവിടെയുള്ളത്

തിരുവൻവണ്ടൂരിലും ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ യുഡിഎഫ് പിന്തുണ ലഭിച്ചതോടെ എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി വിജയിച്ചു. തൊട്ടുപിന്നാലെ രാജിവെക്കുകയും ചെയ്തു. പത്തനംതിട്ട കോട്ടാങ്ങലിൽ എസ് ഡി പി ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടൻ രാജിവെച്ചു. ബിനു ജോസഫാണ് രാജിവെച്ചത്. തിരുവനന്തപുരം പാങ്ങോടും എസ് ഡി പി ഐ പിന്തുണ ലഭിച്ച എൽ ഡി എഫ് പ്രസിഡന്റ് രാജിവെച്ചു.

Share this story