കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയല്ല, സ്പീക്കർ രാജിവെക്കേണ്ടതില്ലെന്ന് പിജെ കുര്യൻ

കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയല്ല, സ്പീക്കർ രാജിവെക്കേണ്ടതില്ലെന്ന് പിജെ കുര്യൻ

കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പേരിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജിവെക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ മുൻ ഉപാധ്യക്ഷനുമായ പി ജെ കുര്യൻ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടി തെറ്റാണെന്നും പി ജെ കുര്യൻ പരഞ്ഞു

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെ നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്ന രീതി ശരിയല്ല. മൊഴി ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച് കഴമ്പുണ്ടെങ്കിൽ സ്പീക്കറെ അറിയിക്കുകയാണ് വേണ്ടത്. തുടർന്ന് അന്വേഷണത്തിന് അദ്ദേഹത്തിന്റെ സഹകരണം തേടണം

എന്നാൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഭരണഘടനാ സ്ഥാപനത്തിലിരിക്കുന്ന ആരെയും ചോദ്യം ചെയ്യാമെന്ന നിലവരുന്നത് ശരിയല്ല. കസ്റ്റഡിയിലിരിക്കുന്ന ഒരാളുടെ മൊഴിക്ക് പൂർണമായ വിശ്വാസമുണ്ടെന്ന് പറയാനാകില്ല. അതിന്റെ പേരിൽ സ്പീക്കർ രാജിവെക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും കുര്യൻ പറഞ്ഞു.

Share this story