വാമനപുരത്ത് ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം; കോൺഗ്രസുകാരെന്ന് ആരോപണം

വാമനപുരത്ത് ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം; കോൺഗ്രസുകാരെന്ന് ആരോപണം

തിരുവനന്തപുരം വാമനപുരത്ത് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെ ആക്രമണം. കോൺഗ്രസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട് ആക്രമിച്ചത്.

വീടിന്റെ ജനൽ ചില്ലുകൾ തകർത്ത സംഘം കാറിന് നേരെയും ആക്രമണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നിർദേശിച്ചയാൾക്ക് പകരം മറ്റൊരാൾക്കാണ് കോൺഗ്രസ് സീറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് ലീഗ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

ഈ തർക്കങ്ങളുടെ തുടർച്ചയായാണ് വീട് ആക്രമണത്തിലേക്ക് എത്തിയതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

Share this story