നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും

നെടുങ്കണ്ടത്തെ രാജ്കുമാർ കസ്റ്റഡി മരണ കേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്. രാജ്കുമാർ ക്രൂര മർദനത്തിന് ഇരയായിരുന്നതായി റീ – പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കി.

ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയർന്നതോടെ എട്ട് പൊലീസുകാരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. പിന്നാലെ സർക്കാർ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചു.

ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മർദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്ന് റീ പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമായി. തുടർന്ന് കേസിൽ നിർണായക കണ്ടെത്തലുകളാണ് ജുഡീഷ്യൽ കമ്മീഷൻ നടത്തിയത്. ഒന്നര വർഷത്തിനിടെ 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി.

നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമ മുറിയിൽ വച്ചും മർദിച്ചതായുള്ള സാക്ഷികളുടെ മൊഴികൾ വസ്തുതാപരമാണന്ന് കമ്മീഷൻ കണ്ടെത്തി. ഈ മൊഴികളുടെ എല്ലാം പശ്ചാത്തലത്തിലാണ് രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുന്നത്.

Share this story