പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ചെന്നിത്തല; സഭാ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരിക്കുന്നു

പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ചെന്നിത്തല; സഭാ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരിക്കുന്നു

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. അതേസയമം പ്രതിപക്ഷം പതിവ് പോലെ പ്രതിഷേധിക്കുകയാണ്. സ്പീക്കർ കസേര ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നത്തെ പ്രതിഷേധം.

സ്വർണക്കടത്ത് കേസിൽ അടക്കം ആക്ഷേപം നിലനിൽക്കെ പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയ സാഹചര്യത്തിൽ സ്പീക്കർ കസേര ഒഴിയണം. ഡെപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്പീക്കർ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടയിലും പ്രതിപക്ഷം മുദ്രവാക്യം അടക്കം വിളിച്ച് ബഹളം വെച്ചു. അഴിമതി ഭരണം തുലയട്ടെ എന്ന മുദ്രവാക്യവുമായാണ് നയപ്രഖ്യാപനത്തിന് എത്തിയ ഗവർണറെ പ്രതിപക്ഷം എതിരേറ്റത്. ചെന്നിത്തലക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് പലതവണ ഗവർണർക്ക് ഒടുവിൽ ഓർമിപ്പിക്കേണ്ടി വന്നു. തുടർന്ന് പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടർന്ന് സഭാ കവാടത്തിൽ കുത്തിയിരുന്ന് ഇവർ പ്രതിഷേധിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്നാണ് പ്രതിപക്ഷം അവകാശപ്പെട്ടത്.

Share this story