ഫെബ്രുവരി ഒന്ന് മുതല്‍ മദ്യപിക്കാന്‍ ചെലവ് ഇനിയും കൂടും

ഫെബ്രുവരി ഒന്ന് മുതല്‍ മദ്യപിക്കാന്‍ ചെലവ് ഇനിയും കൂടും

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള മദ്യവില വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ബെവ്കോയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ വില വര്‍ധന നടപ്പിലാകുമ്പോള്‍, മദ്യം ലിറ്ററിന് 80 മുതല്‍ 140 രൂപ വരെ വര്‍ധിക്കും. ഈ വര്‍ധന മദ്യ ഷോപ്പുകളില്‍ എത്തുമ്പോള്‍ 100 രൂപ മുതല്‍ 150 വരെയാകും.

അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടു.

അതിനിടെ ബാറുകള്‍ തുറന്ന്, ചില്ലറ വില്‍പ്പന ആരംഭിച്ച സാഹചര്യത്തില്‍ മദ്യം ബുക്ക് ചെയ്യുന്നതിനായി കൊണ്ടുവന്ന ബെവ്ക്യൂ ആപ്പ് ഒഴിവാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ പല ഔട്ട്ലറ്റുകളിലും ആപ്പ് ഇല്ലാതെ മദ്യം കൊടുക്കുന്നുണ്ട്.

കോവിഡ് വ്യാപന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ആപ്പ് വഴി ബുക്ക് ചെയ്ത്, സമയക്രമം പാലിച്ച് മദ്യ വിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയത്. ബെവ്കോ ഔട്ട് ലറ്റുകളില്‍ ഇപ്പോള്‍ സാമൂഹിക അകലം പാലിക്കല്‍ ഇല്ലാത്തതിനാല്‍ ടോക്കണിന്റെയും ആപ്പിന്റെയും ആവശ്യമുണ്ടാകുന്നില്ല.

Share this story