കുറഞ്ഞ നിരക്കില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

കുറഞ്ഞ നിരക്കില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പരിശോധന നിര്‍ത്തിവയ്ക്കുകയും ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് രോഗികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതായി ആക്ഷേപം ഉയരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ നിരക്കുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. കോവിഡ് കാലത്തുണ്ടായ കനത്ത നഷ്ടത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് സ്വകാര്യ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ (ക്യൂ.പി.എം.പി.എ.) ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പഴയ നിരക്കിലുള്ള (800 രൂപ ) ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ ഒരു വലിയ ശേഖരം തങ്ങളുടെ പക്കലുള്ളതിനാല്‍ 300 രൂപക്ക് ടെസ്റ്റ് നടത്തിയാല്‍ വലിയനഷ്ടം സംഭവിക്കുമെന്നും നിലവിലെ സ്റ്റോക്ക് 625 രൂപയ്ക്ക് വില്‍ക്കാന്‍ ഒരു മാസത്തോളം ശ്രമിച്ചിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രോഗികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലും അധികം ഈടാക്കിയാല്‍ അത് വലിയ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ഇടയാക്കും. പഴയ നിരക്ക് നല്‍കാന്‍ രോഗികള്‍ തയാറാണെങ്കില്‍ പരിശോധനയ്ക്ക് തയാറാണെന്നും ക്യൂ.പി.എം.പി.എ. സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സി.എം. അബൂബക്കര്‍ പറഞ്ഞു.

40 ശതമാനത്തോളം ചെറിയ ആശുപത്രികള്‍ കോവിഡ് പരിശോധന നിര്‍ത്തിവച്ചിരിക്കുക ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ പി.കെ. മുഹമ്മദ് റഷീദ് ചൂണ്ടിക്കാട്ടുന്നു. കോവിഡ് പരിശോധനയ്ക്കായി കുറഞ്ഞത് രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ആവശ്യമാണ്. ആറ് മണിക്കൂര്‍ കൂടുമ്പോള്‍ അവര്‍ പി.പി.ഇ കിറ്റ് മാറണം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിലും കൂടുതല്‍ വില നല്‍കിയാണ് ആശുപത്രികള്‍ ഇത്തരം കിറ്റുകള്‍ വാങ്ങുന്നത്. അതുകൊണ്ടു ഈ മഹാമാരി ഘട്ടത്തില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുക എന്നത് , വായ്പയെടുത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ്-19 പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ഫീസുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഇതിനനുസരിച്ച് മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.

Share this story