സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം; പക്ഷേ വൈകും

സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം; പക്ഷേ വൈകും

ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. പക്ഷേ ചോദ്യം ചെയ്യനിലായി ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരും.

കസ്റ്റംസ് ചട്ടങ്ങള്‍ പ്രകാരം സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് മറ്റു നിയമതടസങ്ങള്‍ ഒന്നുമില്ലെന്നാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭാ സ്പീക്കറെ ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അതിനാല്‍ ചട്ടങ്ങളില്‍ വ്യക്തത കുറവുണ്ട്. നിയമ തടസം ഇല്ലെന്നു വ്യക്തമായ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം അവസാനിക്കുന്ന ജനവരി 22ന് പി.ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് നല്‍കിയേക്കും. നിയമസഭ അവസാനിച്ച ശേഷവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ചോദ്യം ചെയ്യല്‍ ഫെബ്രുവരി ആദ്യത്തിലാകും നടക്കുക. കസ്റ്റംസ് സംഘം തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്യാനാണ് സാധ്യത.

നേരത്തെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. അതുകൊണ്ട് നിയമക്കുരുക്ക് ഒഴിവാക്കാന്‍ സ്പീക്കറുടെ വീട്ടിലെ വിലാസത്തില്‍ സമന്‍സ് അയക്കാനാണ് കസ്റ്റംസിന്റെ നീക്കം.

Share this story