വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനുമില്ലെന്ന് മുല്ലപ്പള്ളി

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനുമില്ലെന്ന് മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയാണ് നീക്കുപോക്കുണ്ടാക്കിയതെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

വെൽഫെയറുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ വ്യക്തമാക്കിയതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഇക്കാര്യം പറഞ്ഞിരുന്നു. കെസി വേണുഗോപാലും ഇത് ആവർത്തിച്ചു. അതിലപ്പുറം ഇക്കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയാണ് നീക്കുപോക്കുണ്ടാക്കിയതെന്നായിരുന്നു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം കഴിഞ്ഞ ദിവസം പറഞ്ഞത്. ഒടുവിൽ കോൺഗ്രസ് തങ്ങളെ പഴിചാരി രക്ഷപെടുകയാണെന്നും ഹമീദ് പറഞ്ഞിരുന്നു.

Share this story