ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുന്നു; ഫെബ്രുവരി ഒന്ന് മുതൽ കേരള യാത്ര ആരംഭിക്കുമെന്ന് ചെന്നിത്തല

ജനങ്ങൾ പട്ടിണിയും പ്രയാസവും നേരിടുന്നു; ഫെബ്രുവരി ഒന്ന് മുതൽ കേരള യാത്ര ആരംഭിക്കുമെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഫെബ്രുവരി ഒന്നിന് കാസർകോട് നിന്ന് ആരംഭിക്കും. 22 ദിവസം നീണ്ടുനിൽക്കുന്ന ജാഥ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ചുറ്റി തിരുവനന്തപുരത്ത് സമാപിക്കും. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള കക്ഷി നേതാക്കളും ജാഥയുടെ ഭാഗമാകും

കൊവിഡിനെ തുടർന്ന് കേരളത്തിലെ ജനങ്ങൾ പട്ടിണിയും പ്രയാസവും അനുഭവിക്കുകയാണ്. ആരുടെ കയ്യിലും പണമില്ലാത്ത അവസ്ഥ. കൊവിഡ് രോഗികളെ പരിശോധിക്കാൻ പോലും സർക്കാർ സൗകര്യമൊരുക്കുന്നില്ല. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യുഡിഎഫ് തീരുമാനിച്ചതിന്റെ ഭാഗമാണ് കേരള യാത്രയെന്നും ചെന്നിതത്‌ല പറഞ്ഞു.

നാലര വർഷം കൊണ്ട് കേരളത്തിന്റെ വികസനം മുരടിപ്പിച്ച ഒരു സർക്കാരാണ് അധികാരത്തിലിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി യുഡിഎഫ് നേതാക്കൾ മതനേതാക്കളുമായും മറ്റും ചർച്ചകൾ നടത്തി. അവർ ആശങ്കകൾ പങ്കുവെച്ചതായും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് ലക്ഷം പേർക്ക് വീടുകൾ വെച്ചുകൊടുത്തു. ഇപ്പോൾ ഒന്നര ലക്ഷം പേർക്ക് വീട് നൽകിയെന്ന് പറഞ്ഞ് മേനി നടിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 245 പാലങ്ങളാണ് പണി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ രണ്ട് പാലങ്ങൾ ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ എന്തൊരു പ്രചാരണ കോലാഹലങ്ങളാണ് നടത്തിയതെന്നും ചെന്നിത്തല ചോദിക്കുന്നു.

Share this story