ബജറ്റ് നിരാശാജനകമെന്ന് ചെന്നിത്തല; മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞതുപോലെ

ബജറ്റ് നിരാശാജനകമെന്ന് ചെന്നിത്തല; മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞതുപോലെ

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനോപകരപ്രദമായ ഏറെ പദ്ധതികൾ ഉൾക്കൊള്ളിച്ച ബജറ്റ് മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെ എന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്.

ശമ്പളപരിഷ്‌കരണം രണ്ട് വർഷമായി താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലിൽ ഉത്തരവിറക്കുമെന്ന് പറഞ്ഞ് സർക്കാർ ജീവനക്കാരെ കബളിപ്പിക്കുന്നു. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാൽ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സർക്കാർ

റബറിന്റെ താങ്ങുവില യുഡിഎഫ് സർക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോൾ കൂട്ടിയത്. 280 രൂപയാക്കി വർധിപ്പിക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ ബജറ്റിൽ പറഞ്ഞ 5000 കോടിയുടെ ഇടുക്കി പാക്കേജും രണ്ടായിരം കോടി രൂപയുടെ വയനാട് പാക്കേജും 3400 കോടി രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല. ആദിവാസികൾക്ക് ഒരേക്കർ ഭൂമി, 5000 ഏക്കറിൽ ഇൻഡസ്ട്രിയൽ പാർക്ക്, മലയോര ഹൈവേക്ക് 3500 കോടി എന്നിവ നടപ്പായില്ല.

പതിനായിരം കോടി രൂപയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കാത്തവർ മത്സ്യത്തൊഴിലാളികൾക്ക് പതിനായിരം വീട് വെച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. കയർ മേഖല വൻ തിരിച്ചടി നേരിട്ടുവെന്നാണ് സാമ്പത്തിക സർവേ. മൂന്ന് വ്യവസായിക ഇടനാഴികൾക്ക് അയ്യായിരം കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്‌ടോപ്പ് നൽകുമെന്ന് പറഞ്ഞത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്.

Share this story