റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ച കഴിഞ്ഞും ഒപി

റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ച കഴിഞ്ഞും ഒപി

ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം നിയമസഭയിൽ തുടരുന്നു. റോഡ് അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇനി ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാർമസിയും പ്രവർത്തിക്കും.

മെഡിക്കൽ കോളജുകൾക്ക് 420 കോടി രൂപ അനുവദിച്ചു. ദന്താശുപത്രികൾക്ക് 20 കോടിയും ആരോഗ്യവകുപ്പിന് നാലായിരം തസ്തികകളും അനുവദിച്ചു. ചേർത്തല ആശുപത്രി നവീകരിക്കും

സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 120 കോടിരൂപ. ഉച്ച ഭക്ഷണത്തിന് 526 കോടി രൂപ. പാചക തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധനവ്. സ്‌കൂളിലെ സൈക്കോളജിസ്റ്റ് കൗൺസിലറുടെ വേതനം 24,000 രൂപയായി വർധിപ്പിച്ചു. പ്രീ പ്രൈമറി ആയമാർ 10 വർഷം വരെ 500 രൂപയും 10 വർഷത്തിന് മുകളിൽ ആയിരം രൂപയും വർധിപ്പിക്കും

നെൽകൃഷി വികസനത്തിന് 116 കോടി രൂപ. നാളികേര കൃഷിക്ക് 75 കോടി രൂപ. വയനാട് കാപ്പിക്ക് 5 കോടി രൂപ. വൻകിട ജലസേന പദ്ധതികൾക്ക് 40 കോടി രൂപ.

നീല വെള്ള കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ അനുവദിക്കും.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി ചെലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും

Share this story