ബിവറേജസ് കോർപ്പറേഷൻ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

ബിവറേജസ് കോർപ്പറേഷൻ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകളിൽ ക്യൂ നിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ബിവറേജസ് കോർപ്പറേഷൻ. മദ്യശാലകളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായുള്ള ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയതോടെയാണ് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയത്. കൗണ്ടറുകൾക്ക് മുൻപിൽ ആൾക്കൂട്ടം പാടില്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു.

ഒരു സമയം കൗണ്ടറുകൾക്ക് മുൻപിൽ അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. ക്യൂ നിൽക്കുമ്പോൾ ആളുകൾ തമ്മിൽ ആറടി അകലം നിർബന്ധമായും പാലിച്ചിരിക്കണം. വെള്ള പെയിന്റ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥാനത്ത് മാത്രമേ നിൽക്കാവൂ. വരുന്നവരെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കണം. രോഗലക്ഷണം ഉള്ളവരെ ഷോപ്പിലേക്ക് പ്രവേശിപ്പിക്കരുത്. വരുന്ന ആളുകൾ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാകുന്നു.

ജനങ്ങളെ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തണം. രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കണം ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം. രണ്ടാഴ്ച കൂടുമ്പോൾ ഷോപ്പുകൾ അണുവിമുക്തം ആക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

Share this story