ട്രഷറി തട്ടിപ്പ്: ഡയറര്‍ക്ക് ഉള്‍പ്പെടെ നടപടി കൂട്ടതാക്കീതില്‍ ഒതുക്കി

ട്രഷറി തട്ടിപ്പ്: ഡയറര്‍ക്ക് ഉള്‍പ്പെടെ നടപടി കൂട്ടതാക്കീതില്‍ ഒതുക്കി

ട്രഷറിയില്‍നിന്ന് രണ്ടു കോടിരൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനു ശേഷം നടപടി കൂട്ടതാക്കീതില്‍ ഒതുക്കി സര്‍ക്കാര്‍.

ട്രഷറി ഡയറക്ടര്‍ എ.എം.ജാഫര്‍, ടി.എസ്.ബി. ആപ്ലിക്കേഷന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.മോഹന്‍പ്രകാശ്, ടി.എസ്.ബി. ആപ്ലിക്കേഷന്റെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, ടി.എസ്.ബി. ആപ്ലിക്കേഷന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.എസ്.മണി, വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.ജെ.രാജ്‌മോഹന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് കൂട്ട താക്കീതില്‍ ഒതുക്കി അവസാനിപ്പിച്ചിരിക്കുന്നത്.

ട്രഷറി ഡയറക്ടറായ എ.എം.ജാഫറും മറ്റു സഹ ഉദ്യോഗസ്ഥരും കൃത്യമായി കാര്യങ്ങള്‍ നോക്കിയിരുന്നില്ലെന്ന ഒരു ആക്ഷേപമുണ്ടായിരുന്നത്. മാത്രമല്ല വീഴ്ചകള്‍ യഥാസമയം സര്‍ക്കാരിന്റെയും പൊലീസിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ട്രഷറി ഡയറക്ടര്‍ പരാജയപ്പെട്ടെന്നും ജില്ലാ ട്രഷറി ഓഫീസര്‍മാരുടെയും സബ് ട്രഷറി ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമായിരുന്നു ആക്ഷേപങ്ങള്‍. ഇതിനെല്ലാം ട്രഷറി ഡയറക്ടര്‍ നല്‍കി മറുപടി സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തെ താക്കീതു ചെയ്യുന്നതിലേക്കാണ് സര്‍ക്കാര്‍ എത്തിയത്. മറ്റു നാല് ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അവര്‍ക്കെതിരായ ആക്ഷേപങ്ങള്‍ക്ക് അവര്‍ നല്‍കിയ മറുപടി സ്വീകരിച്ചുകൊണ്ട് നടപടി താക്കീതില്‍ ഒതുക്കുകയായിരുന്നു.

ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സംഘമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും എല്ലാവരേയും താക്കീത് ചെയ്യാന്‍ തീരുമാനിച്ചതും.

വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ നേരത്തെതന്നെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. വഞ്ചിയൂര്‍ ട്രഷറിയിലെ മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Share this story