വാളയാർ കേസിൽ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

വാളയാർ കേസിൽ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

വാളയാർ കേസിന്റെ പുനർവിചാരണാ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും ഇന്ന് പാലക്കോട് പോക്‌സോ കോടതിയിൽ ഹാജരാകും. സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് സർക്കാർ ഇന്ന് കോടതിയിൽ അറിയിക്കും. തുടരന്വേഷണത്തിനുള്ള അനുമതിയും പ്രത്യേക അന്വേഷണ സംഘം തേടും

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാളയാർ കേസിൽ പുനർവിചാരണ ആരംഭിക്കുന്നത്. വി മധു, എം മധു, ഷിബു എന്നീ പ്രതികൾ ഹാജരാകും. അതേസമയം കേസ് സിബിഐക്ക് വിടാൻ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. പുതുതായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും പുനരന്വേഷണത്തിനുള്ള അപേക്ഷ നൽകും. സിബിഐ വരുന്നതുവരെ ഈ സംഘമാകും അന്വേഷണം നടത്തുക

പുതിയ അന്വേഷണസംഘത്തെ പെൺകുട്ടികളുടെ മാതാപിതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിലാണ് 2019ൽ കേസിലെ നാല് പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടത്. കേസിലെ പ്രതികളിലൊരാൾ പിന്നീട് തൂങ്ങിമരിച്ചിരുന്നു.

Share this story