കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ജിദ്ദ പ്രവാസിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; ജിദ്ദ പ്രവാസിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ജിദ്ദ പ്രവാസിയുൾപ്പെടെ മൂന്ന് യാത്രക്കാർ അറസ്റ്റിൽ. മൂന്ന് യാത്രക്കാരിൽ നിന്നായി 80 ലക്ഷത്തിന്റെ 1.58 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ പാലക്കാട് സ്വദേശി അർഷദ് കൊളക്കാട്ടിൽ നിന്നും ഒരു കിലോ സ്വർണമാണ് പിടിച്ചത്. 50.96 ലക്ഷത്തിന്റെ സ്വർണം മിക്‌സർ ഗ്രൈൻഡറിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

ഈ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഉമ്മറിൽ നിന്ന് എമർജൻസി ലാംപിനുള്ളിൽ ഒളിപ്പിച്ച 299 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇതിന് 15.2 ലക്ഷം രൂപ വില വരും.
ദുബായിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹിയിദ്ദീൻ നവീദിൽ നിന്ന് 289 ഗ്രാം സ്വർണമാണ് പിടിച്ചത്. 14.7 ലക്ഷം വില വരുന്ന സ്വർണം ടോയ് കാറുകൾക്കുള്ളിലായിരുന്നു ഒളിപ്പിച്ചത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ. സുധീർ, ഐസക് വർഗീസ്, എം. ഉമാദേവി, ഇൻസ്‌പെക്ടർമാരായ സൗരഭ് കുമാർ, എൻ.റഹീസ്, ജി.ശിൽപ, അരവിന്ദ് ഗൂലിയ, രോഹിത് ഖത്രി, രാമേന്ദ്ര സിംഗ് തുടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

Share this story