സിംഘുവിൽ കർഷകർക്കെതിരെ കേന്ദ്രസർക്കാർ അനുകൂലികളുടെ പ്രതിഷേധം; പ്രതികാര നടപടിയുമായി യുപി സർക്കാരും

സിംഘുവിൽ കർഷകർക്കെതിരെ കേന്ദ്രസർക്കാർ അനുകൂലികളുടെ പ്രതിഷേധം; പ്രതികാര നടപടിയുമായി യുപി സർക്കാരും

ഡൽഹി അതിർത്തിയായ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരെ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ അനുകൂലികളായ നാട്ടുകാർ. ദേശീയപതാകയുമേന്തി സമരക്കാർ തമ്പടിച്ചിരിക്കുന്നിടത്തേക്ക് ഇവർ മാർച്ച് നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സിംഘു അതിർത്തിയിലെ നാട്ടുകാരാണെന്ന് അവകാശപ്പെട്ട് ഒരുകൂട്ടമാളുകൾ പ്രതിഷേധവുമായി എത്തിയത്

ദേശീയപാതയിൽ സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ദിവസങ്ങളായി തുടരുന്ന കർഷക പ്രതിഷേധം തങ്ങളുടെ വ്യവസായത്തെ മോശമായി ബാധിച്ചുവെന്നും റിപബ്ലിക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകരോടാണ് പ്രതിഷേധമെന്നും ഇവർ അവകാശപ്പെട്ടു.

അതേസമയം കർഷകർക്കെതിരെ യുപി സർക്കാരും പ്രതികാര നടപടികൾ ആരംഭിച്ചു. ഗാസിപൂർ അതിർത്തിയിലെ സമരഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകി. സമരഭൂമിയിലേക്കുള്ള വൈദ്യുതിയും ജലവിതരണവും സർക്കാർ വിച്ഛേദിച്ചു.

കർഷകർ ഒഴിഞ്ഞുപോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രദേശത്തേക്ക് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. അതേസമയം വൈദ്യുതിയും ജലവിതരണവും പുന:സ്ഥാപിച്ചില്ലെങ്കിൽ ഗാസിപൂരിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളും ഉപരോധിക്കുമെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

Share this story