ശബരിമലയിൽ യുഡിഎഫിന് എന്ത് ആത്മാർഥത, ബിജെപിക്ക് വേണമെങ്കിലും പരിഹരിക്കാമായിരുന്നു: വിമർശനവുമായി എൻ എസ് എസ്

ശബരിമലയിൽ യുഡിഎഫിന് എന്ത് ആത്മാർഥത, ബിജെപിക്ക് വേണമെങ്കിലും പരിഹരിക്കാമായിരുന്നു: വിമർശനവുമായി എൻ എസ് എസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി. സുപ്രീം കോടതിയുടെ വിശാല ബഞ്ചിൽ പരിഗണനക്കിരിക്കുന്ന വിഷയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസികളെ സ്വാധീനിക്കാനായി പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്ന് എൻ എസ് എസ് വിമർശിച്ചു. പത്രക്കുറിപ്പിലൂടെയാണ് വിമർശനം

കേന്ദ്രഭരണം കയ്യിലിരിക്കെ ബിജെപിക്ക് നിയമനിർമാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നില്ലേയെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചോദിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി യുഡിഎഫിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു.

തങ്ങൾ അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തുമെന്ന അവരുടെ പ്രഖ്യാപനത്തിൽ എന്ത് ആത്മാർഥതയാണുള്ളത്. വിശ്വാസം സംരക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ സുപ്രീം കോടതിയിൽ അവർ സമർപ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കണം.

അഞ്ചംഗ ബഞ്ചിന്റെ വിധി നടപ്പായാൽ അത് ശബരിമലയിൽ മാത്രമല്ല, സംസ്ഥാനത്തുള്ള എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലെയും നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന വിവിധങ്ങളായ ആചാരങ്ങൾക്ക് ബാധകമാണ്. എൻ എസ് എസിന്റെ പ്രഖ്യാപിത നയം വിശ്വാസ സംരക്ഷണമാണ്. അന്തിമ ഫലം വിശ്വാസികൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കപെടുന്നതെന്നും എൻ എസ് എസ് പറഞ്ഞു.

Share this story