നിക്ഷേപ തട്ടിപ്പ്: എം.സി.കമറുദീന്‍ എം.എല്‍.എ. ജയില്‍ മോചിതനായി

നിക്ഷേപ തട്ടിപ്പ്: എം.സി.കമറുദീന്‍ എം.എല്‍.എ. ജയില്‍ മോചിതനായി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായിരുന്ന എം.സി.കമറുദ്ദീന്‍ എം.എല്‍.എ. പുറത്തിറങ്ങി. 93 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ആറ് കേസുകളില്‍കൂടി ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹത്തിന് ഇന്ന് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞത്.

ജയില്‍ മോചിതനായ എം.എല്‍.എ. ‘തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്ന്’ തേങ്ങിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മൂന്ന് മാസം ജയിലില്‍ പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാര്‍. റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് തനിക്കെതിരെയുള്ള ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ വരെ അതിന്റെ ഭാഗമാണ്’ കമറുദീന്‍ പറഞ്ഞു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചനാ കേസുകളില്‍ എം.എല്‍.എയുടെ കൂട്ടുപ്രതിയും ജ്വല്ലറി എം.ഡിയുമായ പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്.

ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിലാണ് കഴിഞ്ഞ ദിവസം കമറുദീന് ജാമ്യം ലഭിച്ചത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ 149 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചന്തേര, കാസർകോട്, പയ്യന്നൂർ പരിധികളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് മറ്റ് കേസുകളിൽ കോടതികൾ ജാമ്യം അനുവദിച്ചത്.

Share this story