ജസ്‌നയുടെ തിരോധാനം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

ജസ്‌നയുടെ തിരോധാനം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

ജസ്‌ന തിരോധാന കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈകോടതി സിഗിൾ ബെഞ്ച് ഉത്തരവിട്ടത്. ജസ്നയുടെ സഹോദരൻ ജയ്സ് ജോൺ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടു. സാധ്യമായ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള പ്രതീക്ഷ അവസാനിച്ചുവെന്നും കേസ് ഏറ്റെടുക്കാൻ സി.ബി.ഐക്ക് നിർദ്ദേശം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന ജസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്.

Share this story