ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണെന്ന് നേരത്തെ അറിയിച്ചിരുന്നു: വി മുരളീധരൻ

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണെന്ന് നേരത്തെ അറിയിച്ചിരുന്നു: വി മുരളീധരൻ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകിയിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ഇത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രം സംസ്ഥാനത്തിന് നൽകി നാല് മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത്. കമ്പനിയെ കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ കോൺസുലേറ്റ് 2019 ഒക്ടോബർ 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽ നിന്ന് മറുപടി ലഭിച്ചിരുന്നില്ല

സ്ഥാപനം എന്ന നിലയിൽ കമ്പനിയെ വിശേഷിപ്പിക്കാനാകില്ലെന്നായിരുന്നു കോൺസുലേറ്റ് അറിയിച്ചത്. ഈ വിവരങ്ങൾ നൽകിയതിന് ശേഷമാണ് 2020 ഫെബ്രുവരി 28ന് കമ്പനിയുമായി ധാരണാപത്രം ഒപ്പിടുന്നത്. വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്‌ട്രേഷൻ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞ് തന്നെയായിരുന്നു ഒപ്പിട്ടതെന്നും മുരളീധരൻ ആരോപിച്ചു.

Share this story