ലാവ്‌ലിൻ കേസ് മാറ്റിവെക്കണമെന്ന് വീണ്ടും സിബിഐ; ഏപ്രിൽ ആറിലേക്ക് മാറ്റി

ലാവ്‌ലിൻ കേസ് മാറ്റിവെക്കണമെന്ന് വീണ്ടും സിബിഐ; ഏപ്രിൽ ആറിലേക്ക് മാറ്റി

ലാവ്‌ലിൻ കേസ് മാറ്റി വെക്കണമെന്ന് സിബിഐ വീണ്ടും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഇന്ന് തന്നെ കേട്ടൂടെയെന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകൻ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. മാർച്ച് മാസത്തിലെ തീയതിയാണ് ആവശ്യപ്പെട്ടതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലാവ്‌ലിൻ കേസിൽ സുപ്രീം കോടതിയിൽ നിന്ന് തീരുമാനം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. കേസിൽ വാദം കേൾക്കൽ തുടങ്ങുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയത്.

വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ ഇതുവരെ ഇത് സമർപ്പിച്ചിട്ടില്ല. ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദിരാബാനർജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Share this story