ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആർഎസ്എസുകാരൻ നന്ദുവാണ് കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് നന്ദുവിന്റെ വീട് സന്ദർശിക്കും

സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണെന്ന് പോലീസ് പറയുന്നു. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. നാഗംകുളങ്ങര കവലയിൽ വെച്ചാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്.

പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

എസ്ഡിപിഐ വാഹനജാഥയിലെ പ്രസംഗത്തെ ചൊല്ലിയാണ് ആർഎസ്എസുകാരുമായി തർക്കമുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്നലെ വൈകുന്നേരം പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞുപോയവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

Share this story