പറവൂർ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും; പാതി സമ്മതവുമായി സിപിഐയും

പറവൂർ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും; പാതി സമ്മതവുമായി സിപിഐയും

എറണാകുളം വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി എൽഡിഎഫ്. ഇതിന്റെ ഭാഗമായി സിപിഐയിൽ നിന്ന് സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച ഉഭയ കക്ഷി ചർച്ച നടക്കുകയാണ്. നിലവിൽ വി ഡി സതീശനാണ് മണ്ഡലത്തിലെ എംഎൽഎ

പി രാജീവിനെ പറവൂരിൽ സ്ഥാനാർഥിയാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. സിപിഐയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. അതേസമയം ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനം പറയാമെന്നാണ് സിപിഐയുടെ നിലപാട്.

വിഡി സതീശനെ പരാജയപ്പെടുത്തണമെങ്കിൽ മണ്ഡലം സിപിഐയിൽ നിന്ന് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം കാലങ്ങളായി പ്രവർത്തകരും ഉന്നയിക്കുന്നതാണ്. കഴിഞ്ഞ 20 വർഷമായി മണ്ഡലത്തിൽ തോറ്റു കൊണ്ടിരിക്കുകയാണ് സിപിഐ.

സീറ്റ് തിരിച്ചുപിടിക്കാൻ ശേഷിയുള്ള ഒരു സ്ഥാനാർഥിയെ മുന്നോട്ടു വെക്കാനും സിപിഐക്ക് സാധിക്കില്ല. വീണ്ടും പരീക്ഷണത്തിന് ഒരുങ്ങുന്നതിലും നല്ലത് മണ്ഡലം സിപിഎമ്മിന് നൽകി മറ്റൊരു സീറ്റ് ആവശ്യപ്പെടുന്നതാണെന്ന തോന്നലും സിപിഐക്കുണ്ട്.

Share this story