മത്സരിക്കാനില്ലെന്ന് രഞ്ജിത്ത്; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് വീണ്ടും സാധ്യത

മത്സരിക്കാനില്ലെന്ന് രഞ്ജിത്ത്; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് വീണ്ടും സാധ്യത

കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് തന്നെ സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയെങ്കിലും പ്രദീപ് കുമാറിന് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. ഇതോടെ നോർത്ത് സീറ്റിൽ സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താത്പര്യമില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു

പ്രദീപ് കുമാർ മത്സരിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും പ്രദീപിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് വ്യക്തമാക്കി. രഞ്ജിത്തിനെ പരിഗണിക്കുന്നതിൽ ജില്ലയിലെ നേതാക്കൾ തന്നെ എതിർപ്പുന്നയിച്ച സാഹചര്യത്തിലാണ് പ്രദീപിന് വീണ്ടും അവസരം നൽകുന്നത്.

13 മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയിൽ ഇത്തവണ ആറ് സീറ്റുകളിൽ സിപിഎം മത്സരിക്കും. നോർത്ത്, ബേപ്പൂർ, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടിയോ തിരുവമ്പാടിയോ എന്നീ സീറ്റുകളിലാകും സിപിഎം മത്സരിക്കുക.

ബേപ്പൂരിൽ മുഹമ്മദ് റിയാസിനെയാണ് പാർട്ടി പരിഗണിക്കുന്നത്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെയും പി മോഹനനെയും പരിഗണിക്കുന്നു. കൊയിലാണ്ടിയിൽ കെ ദാസനെയും ബാലുശ്ശേരിയിൽ സച്ചിൻ ദേവിനെയും കുറ്റ്യാടിയിൽ കെപി കുഞ്ഞമ്മദ് കുട്ടിയെയും പരിഗണിക്കുന്നു.

Share this story