തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. കേന്ദ്ര മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികളെ ചോദ്യം ചെയ്താണ് മുഖ്യമന്ത്രി കത്തയച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നും വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും കത്തില്‍ പറയുന്നു.

2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല, കത്തില്‍ പറയുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചുവരുത്തുന്നതെന്നും കത്തില്‍ പറയുന്നു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 28ന് കൊച്ചിയില്‍ ബിജെപി പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അന്വേഷണ കാര്യത്തില്‍ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും കത്തില്‍ പറയുന്നു.

Share this story