തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികളെ ഇറക്കി കളിക്കുന്നത് എന്തിനെന്നറിയാം; പ്രതിപക്ഷം വിവാദങ്ങളുടെ വ്യാപാരികളായി മാറി: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസികളെ ഇറക്കി കളിക്കുന്നത് എന്തിനെന്നറിയാം; പ്രതിപക്ഷം വിവാദങ്ങളുടെ വ്യാപാരികളായി മാറി: മുഖ്യമന്ത്രി

കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്യനിച്ചു. പിന്നീട് അവർ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതും ജനം മുഖിവിലക്ക് എടുക്കാതിരുന്നപ്പോൾ ഇ ഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രവും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുകയല്ല ഇ ഡി ചെയ്തത്. സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റമുണ്ടായി. മാർച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണമെന്നും കിഫ്ബി സിഇഒക്കും ഡെപ്യുട്ടി സിഇഒക്കും സമൻസ് പോയതായും മാധ്യമ വാർത്ത വന്നു. ഇതിന് ശേഷമാണ് അവർക്ക് സമൻസ് ലഭിച്ചത്.

മുമ്പും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. അന്ന് തന്നെ ഇതൊക്കെ ചൂണ്ടിക്കാട്ടിയതാണ്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രഏജൻസികൾ ചാടിയിറങ്ങി പുറപ്പെട്ടത് എന്തിനാണെന്ന് അറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. മൊഴി നൽകാത്തവരെ ഭീഷണിപ്പെടുത്തി മൊഴി എടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു

സ്വന്തം മണ്ഡലത്തിൽ കിഫ്ബി വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല. യുഡിഎഫിനും ബിജെപിക്കും ഒരു വികാരമാണുള്ളത്. ഏറ്റവും കൂടുതൽ അടിസ്ഥാനരഹിതമായ ആരോപണമുയർത്തിയ ആളെന്ന ബഹുമതി പ്രതിപക്ഷ നേതാവിനാണ്. വിവാദത്തിന്റെ വ്യാപാരികളായി പ്രതിപക്ഷം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story