വിരട്ടി വിറപ്പിക്കാൻ നോക്കേണ്ട, ആ വ്യാമോഹം മനസ്സിൽ വെച്ചാൽ മതി: വി മുരളീധരനും കേന്ദ്ര ഏജൻസികളോടും മുഖ്യമന്ത്രി

വിരട്ടി വിറപ്പിക്കാൻ നോക്കേണ്ട, ആ വ്യാമോഹം മനസ്സിൽ വെച്ചാൽ മതി: വി മുരളീധരനും കേന്ദ്ര ഏജൻസികളോടും മുഖ്യമന്ത്രി

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് സത്യവാങ്മൂലം നൽകിയ കസ്റ്റംസിനും കേന്ദ്ര ഏജൻസികൾക്കും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു

മാതൃകാ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഇവരോടൊന്നും പറയാത്ത കാര്യം കസ്റ്റംസിനോട് സ്വപ്‌ന പറഞ്ഞെങ്കിൽ അതിന് കാരണമെന്ത്.

164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ നടത്തുന്ന പ്രസ്താവന സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കൂ. കേസിൽ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ മന്ത്രിസഭയെ അപകീർത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഇറങ്ങിയിരിക്കുകയാണ്. ബിജെപിക്കും കോൺഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജൻസികൾ നടത്തുന്നത്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നുവെന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടന്നത്. ഒരു പ്രതിയെ വിട്ടു കിട്ടാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് വിദേശകാര്യ വക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്. ആ സഹമന്ത്രി ഇപ്പോഴും വാളും ചുഴറ്റി ഇറങ്ങേണ്ട

സർക്കാരിന്റെ യശസ്സിനെ ഇകഴ്ത്തുകയാണ് ലക്ഷ്യം. ഇടതുപക്ഷം ജനമനസ്സിൽ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. അതുകൊണ്ട് ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കേണ്ട. ആ വ്യാമോഹം മനസ്സിൽ വെച്ചാൽ മതി. ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത് അത് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story