അമിത് ഷാ വർഗീയതയുടെ ആൾരൂപം; ഇത് കേരളമാണ്, ഇവിടെ വന്ന് വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി

അമിത് ഷാ വർഗീയതയുടെ ആൾരൂപം; ഇത് കേരളമാണ്, ഇവിടെ വന്ന് വിരട്ടൽ വേണ്ടെന്ന് മുഖ്യമന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് അതിരൂക്ഷമായ രീതിയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവൃത്തിയുമെങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത്

മതസൗഹാർദത്തിന് കേളി കെട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതിയാണെന്ന് പറയുന്നു. മുസ്ലിം എന്ന വാക്ക് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തത് അല്ല. 2002 ഗുജറാത്ത് വംശഹത്യാ കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ലെന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ നിന്ന് മനസ്സിലായത്

ദുരൂഹ മരണത്തെ കുറിച്ചാണ് അമിത് ഷാ ഇവിടെ വന്ന് പറഞ്ഞത്. എന്താണെന്ന് വ്യക്തമാക്കിയാൽ അതിനെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഏതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി ഞാൻ ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായ പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസുകൾ നേരിട്ടത് ആരായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു

സെഹ്‌റാബുദ്ദീൻ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. കേസ് കേൾക്കാനിരുന്ന ജഡ്ജി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടി വരും.

ഒറ്റ ദിവസം കൊണ്ട് 16,000 ഇരട്ടി വരുമാനമാനം ഉണ്ടാക്കി അച്ഛാദിൻ കൊണ്ടുവന്നത് ഓർമയില്ലേ. അതല്ല പിണറായി വിജയനെന്ന് ഈ നാടിന് അറിയാം. ആടിനെ പ്ലാവില കാട്ടിക്കൊണ്ടു പോകുന്നത് പോലെയാണ് ബിജെപി കോൺഗ്രസിനെ കൊണ്ടുപോകുന്നത്. കേന്ദ്രത്തിന് കീഴിലുള്ള തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്തിന്റെ ഹബ്ബ് ആയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണം. കടത്ത് നിയന്ത്രിക്കുന്നതിന് ഒരു പങ്ക് ഒരു കേന്ദ്രസഹമന്ത്രിക്ക് ഉണ്ടെന്നുള്ളത് അമിത് ഷായ്ക്ക് അറിയാഞ്ഞിട്ടാണോ. എന്നാൽ നാടിന് അതറിയാം.

സ്വർണം എത്തിച്ചയാളെ എട്ട് മാസമായി ചോദ്യം ചെയ്‌തോ. എന്താണ് താത്പര്യക്കുറവിന് കാരണം. കേരളത്തിലേക്ക് സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത്എന്തുകൊണ്ടാണ്. അവർക്ക് സംഘപരിവാർ ബന്ധം കണ്ടല്ലേ. പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന ശബ്ദരേഖ വന്നത് അമിത് ഷായ്ക്ക് ഓർമയില്ലേ. അന്വേഷണ ഏജൻസി നേരും നെറിയോടെയും പെരുമാറണം. വിരട്ടലൊന്നും നടക്കില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story