തെരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം ബിജെപി വരുതിയിലാക്കി; വിമർശനവുമായി സിപിഎം

തെരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം ബിജെപി വരുതിയിലാക്കി; വിമർശനവുമായി സിപിഎം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമർശനവുമായി സിപിഎം. തെരഞ്ഞെടുപ്പ് കമ്മീഷനും റിസർവ് ബാങ്കുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കിയെന്നും ഇനി ജുഡീഷ്യറിയെ ബാക്കിയുള്ളുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു

ദേശാഭിമാനിയിൽ എഴുതിയ അന്വേഷണ ഏജൻസികൾ ബിജെപിയുടെ ക്വട്ടേഷൻ സംഘമോ എന്ന ലേഖനത്തിലാണ് വിമർശനം. തെരഞ്ഞെടുപ്പ് നീതിപൂർവം നടത്തുന്നതിനെതിരെ കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പെരുമാറ്റ ചട്ടത്തിന്റെ പേരിൽ അന്വേഷണം തടയില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടിയിൽ അത്ഭുതമില്ലെന്ന് വിജയരാഘവൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപി കരുതി വെച്ച ബോംബായിരുന്നു സ്വപ്‌നയുടെ മൊഴി. എന്നാലത് ചീറ്റിപ്പോയി. ചില മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിംഗും ആയതൊഴിച്ചാൽ ജനങ്ങൾക്ക് മുന്നിൽ അന്വേഷണ ഏജൻസിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണ് ചെയ്തത്.

ബിജെപിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതാക്കൾ സംസാരിക്കുന്നത് ഒരുപോലെയാണ്. ഞായറാഴ്ച അമിത് ഷാ ആരോപിച്ചത് തന്നെയാണ് ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി ആരോപിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു

Share this story