വട്ടിയൂര്‍ക്കാവില്‍ ഉമ്മന്‍ചാണ്ടി; നേമം പിടിക്കാന്‍ കെ.മുരളീധരന്‍: പുതിയ നീക്കവുമായി കോണ്‍ഗ്രസ്

വട്ടിയൂര്‍ക്കാവില്‍ ഉമ്മന്‍ചാണ്ടി; നേമം പിടിക്കാന്‍ കെ.മുരളീധരന്‍: പുതിയ നീക്കവുമായി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള നേമം മണ്ഡലം തിരിച്ചു പിടിക്കാന്‍ കെ.മുരളീധരനെ രംഗത്തിറക്കുമെന്നാണ് സൂചനകള്‍. നേമം മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി മത്സര രംഗത്തിറങ്ങാന്‍ കെ.മുരളീധരന്‍ എം.പി സന്നദ്ധത അറിയിച്ചതായാണ് സൂചനകള്‍. നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദ്ദത്തിന് മുരളീധരന്‍ വഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരന്‍ നേരത്തെ അറിയിച്ചത്. താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റായ പ്രചാരണമാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു നടന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡില്‍നിന്ന് പുതിയ നിര്‍ദേശം ഉയരുകയായിരുന്നു.

കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ച നേമം മണ്ഡലം എങ്ങനെയും ജയിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചത്.

വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യമുയര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുയര്‍ന്നു.ഇവിടങ്ങളില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല കഴക്കൂട്ടത്തും മുന്‍നിര നേതാക്കളില്‍ ഒരാള്‍ വേണമെന്നും അഭിപ്രായമുണ്ട്.

Share this story