നേമത്ത് കരുത്തന്‍ തന്നെ വരും; സസ്‌പെന്‍സായിരിക്കട്ടെ: ചെന്നിത്തല

നേമത്ത് കരുത്തന്‍ തന്നെ വരും; സസ്‌പെന്‍സായിരിക്കട്ടെ: ചെന്നിത്തല

നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

രമേശ് ചെന്നിത്തല പറഞ്ഞത്:

നേമത്തേക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളും ഞങ്ങള്‍ക്ക് പ്രസ്റ്റീജ് മണ്ഡലങ്ങളാണ്. ബിജെപിയുടെ ഒരു സിറ്റിങ്ങ് എംഎല്‍എ ഉണ്ടെന്നതാണ് നേമത്തിന്റെ പ്രത്യേകത. തീര്‍ച്ചയായും അവിടെ യുഡിഎഫ് ജയിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. 140 മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാര്‍ഥികളായിരിക്കും. പ്രത്യേകിച്ച് നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക.

ഞാന്‍ 140 ഇടത്തേയും പ്രതിപക്ഷ നേതാവായല്ലേ മത്സരിക്കുന്നത്. ഏറ്റവും മനോഹരമായ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന പട്ടികയാണ് തയ്യാറായിരിക്കുന്നത്. എല്ലാം നാളെ അറിയാം. നമുക്ക് നോക്കാം സസ്പെന്‍സ് ആയിരിക്കട്ടേ.

കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി നിയമസഭാ എന്‍ട്രി നടത്തിയ നേമത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സിറ്റിങ്ങ് സീറ്റായ പുതുപ്പള്ളിയിലും നേമത്തുമായി ഉമ്മന്‍ ചാണ്ടി രണ്ട് സീറ്റില്‍ മത്സരിക്കുമോ അതോ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേമത്ത് സ്ഥാനാര്‍ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോ എങ്ങനെ ഈ വാര്‍ത്ത വന്നു എന്നറിയില്ല എന്നായിരുന്നു വാര്‍ത്തകളോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

Share this story