ഖത്തര്‍ എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും തമ്മിലെ കൂട്ടിയിടി ഒഴിവായത് 30 സെക്കന്‍ഡിന്റെ വ്യത്യാസത്തിലെന്ന് എ.എ.ഐ.ബി റിപ്പോര്‍ട്ട്

ഖത്തര്‍ എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും തമ്മിലെ കൂട്ടിയിടി ഒഴിവായത് 30 സെക്കന്‍ഡിന്റെ വ്യത്യാസത്തിലെന്ന് എ.എ.ഐ.ബി റിപ്പോര്‍ട്ട്

കൊച്ചിയുടെ ആകാശത്ത് വന്‍ വിമാന ദുരന്തത്തിന് ഇടയാക്കുമായിരുന്ന പിഴവിന് സ്‌പൈസ് ജെറ്റ് പൈലറ്റുമാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപോര്‍ട്ട്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും സ്‌പൈസ് ജെറ്റ് വിമാനവും 30 സെക്കന്റിന്റെ വ്യത്യാസത്തിലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2020 ആഗസത് 28നു വൈകിട്ടു നാലേകാലോടെ കൊച്ചി വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി രണ്ട് വിമാനങ്ങളും കൊച്ചിയില്‍ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു.

ബംഗളൂരുവില്‍നിന്നായിരുന്നു സ്‌പൈസ് ജെറ്റിന്റെ വരവ്. വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്ന രണ്ടു വിമാനങ്ങളിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു.

സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ കൊച്ചിയിലെ എയര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല, ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെ സമീപിക്കുമ്പോള്‍ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നു തുടങ്ങിയവയാണ് റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍.

അപകടം ഒഴിവാകുമ്പോള്‍ 2 വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി മാത്രമായിരുന്നു. ദൂരവ്യത്യാസം കേവലം 4.43 കിലോമീറ്റര്‍ മാത്രം. കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കന്‍ഡില്‍ താഴെ മാത്രമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മുന്നറിയിപ്പനുസരിച്ച് സ്പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയായിരുന്നു.

കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം തകര്‍ന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു കൊച്ചിയിലെ സംഭവം. അവസാന നിമിഷത്തിലെ നീക്കം കൂടി പാളിയിരുന്നെങ്കില്‍ കൊച്ചിയിലേത് മറ്റൊരു വന്‍ ദുരന്തമാകുമായിരുന്നു.

Share this story