വിനോദിനി ഉപയോ​ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോൺ; കസ്റ്റംസ്‌ വാദം തള്ളി ക്രൈംബ്രാഞ്ച്

വിനോദിനി ഉപയോ​ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഫോൺ; കസ്റ്റംസ്‌ വാദം തള്ളി ക്രൈംബ്രാഞ്ച്

ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തള്ളി. വിനോദിനി ഉപയോ​ഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ ആണെന്നും കവടിയാറിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. വിനോദിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്.

കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നാണ്. ഇതേ കടയിൽ നിന്നാണ് സന്തോഷ് ഈപ്പനും ഫോൺ വാങ്ങി സ്വപ്നക്ക് നൽകിയത്. രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പർ കസ്റ്റംസ് വാങ്ങിയിരുന്നു. സ്പെൻസർ ജം​ഗ്ഷനിലെ കടയിൽ നിന്ന് വിനോദിനിക്ക് നൽകിയ അതേ മോഡൽ ഫോൺ സ്റ്റാച്യുവിലെ കടയിലും നൽകിയിരുന്നു. ഇതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് സംശയം.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ. ഈ കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് തള്ളിയിരിക്കുന്നത്.

സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നും വിനോദിനി നേരെത്തെ പറഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലന്നും വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പനും വ്യക്തമാക്കിയിരുന്നു.

Share this story